വിദ്യാഭ്യാസത്തിലെ വര്‍ഗ്ഗീകരണം
മാനുഷിക മൂല്യങ്ങള്‍ക്കെതിരു നില്‍ക്കാത്ത ജ്ഞാന പ്രസരണത്തെയും സ്വീകരണത്തെയും കലവറയില്ലാതെ പിന്തുണക്കുകയാണ് വിദ്യാഭ്യാസ മേഖലയില്‍ ഇസ്‌ലാം കൈകൊള്ളുന്ന നിലപാടുകളുടെ ആകെത്തുക. ചിലത് ചിലതിനേക്കാള്‍ പ്രധാനമാണെന്ന് പറയുമ്പോഴും അപ്രധാനമായത് മാറ്റിനിര്‍ത്തപ്പെടണമെന്ന കാഴ്ചപ്പാട് ഇസ്‌ലാമിനില്ല. ആത്മീയജ്ഞാനവും ഖുര്‍ആന്‍, ഹദീസ്, കര്‍മ്മ-വിശ്വാസ ശാസ്ത്ര പഠനങ്ങളും പ്രപഞ്ചത്തിന്റെ പൊരുളിലേക്കും സൃഷ്ടിപ്പിന്റെ രഹസ്യങ്ങളിലേക്കുമുള്ള അന്വേഷണങ്ങളും ഇസ്‌ലാം സര്‍വാത്മനാ പ്രോത്സാഹിപ്പിച്ചു. ഓരോ വിജ്ഞാനശാഖയും പഠിച്ചഭ്യസിച്ചവരുടെ സാന്നിധ്യം ഓരോ ഗ്രാമത്തിലും ഉണ്ടായിരിക്കേണ്ടത് ഫര്‍ള്കിഫായ (പൊതുബാധ്യത)യാണെന്ന പ്രഖ്യാപനത്തോടെ ജ്ഞാനവിസ്‌ഫോടനത്തിന് കളമൊരുങ്ങി.

സ്വായത്തമാക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിച്ച വിജ്ഞാനത്തിന് വകഭേദങ്ങളില്ലായിരുന്നു. മതവും ഭൗതികവുമെന്ന വേര്‍ത്തിരിവ് രൂപപ്പെടുന്നത് ഏറെക്കഴിഞ്ഞാണ്. ഇസ്‌ലാമിക ദൃഷ്ട്യാ ദൈവ പ്രീതി കാംക്ഷിച്ച് പാരത്രിക നേട്ടത്തിനായി അഭ്യസിക്കുന്ന വിജ്ഞാനം, മതമെന്നോ ഭൗതികമെന്നോ പൊതുവെയുള്ള വകതിരിവിനതീതമായി, മതപരമാണ്. ഖുര്‍ആനും ഹദീസുമടങ്ങുന്ന മതപ്രമാണങ്ങളെക്കുറിച്ചുള്ള പഠനം പോലും ഐഹിക നേട്ടങ്ങളെ ലക്ഷ്യമിട്ടാകുമ്പോള്‍ ഭൗതിക വിദ്യാഭ്യാസമാകുന്നു. ഈ അര്‍ത്ഥത്തില്‍ ഭൗതിക വിദ്യാഭ്യാസം അപകടകരവും സാമൂഹിക തിന്മകള്‍ക്ക് വരെ ഹേതുവാകുന്നതുമാണ്. ഭൗതികമെന്ന് നാം പരിചയപ്പെടുത്തുന്ന വിജ്ഞാന ശാഖകള്‍, അത് ഫിലോസഫിയോ ഹിസ്റ്ററിയോ സയന്‍സോ ആകട്ടെ, മതബോധമുള്ള മുസ്‌ലിമിന് അവ മതവിശ്വാസത്തിന് ഉപോല്‍ബലകവും പൂരകവുമാണ്. ഈയൊരു കാഴ്ച്ചപ്പാടില്‍ നിന്നായിരിക്കണം മത-ഭൗതിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഇസ്‌ലാമിക പരിപ്രേക്ഷ്യങ്ങള്‍ വിലിയിരുത്തുകയും പണ്ഢിത വചനങ്ങള്‍ വിശദീകരിക്കുകയും ചെയ്യേണ്ടത്.

മതകീയ പരിസരത്ത് നിന്നുകൊണ്ട് കഴിയാവുന്നത്ര വിജ്ഞാനം സമ്പാദിക്കാന്‍ ഇസ്‌ലാം വിശ്വാസിയോടാവശ്യപ്പെട്ടു. ബദ്‌റ്‌യുദ്ധാനന്തരം, നിരക്ഷരരായ സ്വഹാബികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുക എന്ന നിബന്ധനയില്‍ അനേകം ബന്ധികളെ മോചിപ്പിച്ച തിരുനബി(സ്വ) തന്നെ ഇതിന് മാതൃക കാണിച്ചുതരുകയും ചെയ്തു. പില്‍ക്കാലത്ത് വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് വഴിമരുന്നിടുന്നതായിരുന്നു ദീനിന്റെ ഈ നിലപാടുകള്‍. ഇസ്‌ലാം കടന്നുചെന്ന രാഷ്ട്രങ്ങളില്‍ വിവിധതരം വിജ്ഞാനശാഖകള്‍ പ്രോത്സാഹിപ്പിക്കപ്പെടുകയും നിരന്തരപ്രവര്‍ത്തനത്തിലൂടെ അവ വളര്‍ന്നു വികസിക്കുകയും ചെയ്തു. ക്രി.എട്ടിനും പതിമൂന്നിനും ഇടക്കുള്ള അഞ്ചുനൂറ്റാണ്ടുകള്‍ ഇസ്‌ലാമിക വിദ്യാഭ്യാസ ക്രമത്തിന്റെ വളര്‍ച്ചയെ വരച്ചുകാട്ടുന്നുണ്ട്. ബാഗ്ദാദിലും സ്‌പെയിനിലുമടക്കം ഇസ്‌ലാമിക സംസ്‌കൃതി പ്രോജ്ജ്വലിച്ചു നിന്നിരുന്ന സുപ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം വിജ്ഞാനകുതുകികള്‍ പ്രവഹിച്ചു. ഗ്രീക്ക്, പേര്‍ഷ്യന്‍, ലാറ്റിന്‍, ഇന്ത്യന്‍ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ അറബിയിലേക്കും അറബിയിലുള്ളവ ഇതര ഭാഷകളിലേക്കും തര്‍ജമ ചെയ്യപ്പെട്ടു. ഇന്ത്യയിലും ചൈനയിലും നിലനിന്നിരുന്ന ശാസ്ത്രവും സംസ്‌കാരവും അറബികളിലൂടെ യൂറോപ്പ് പരിചയപ്പെട്ടു.  വിദ്യാലോകം മുഴുവന്‍ മുസ്‌ലിം ലോകത്ത് കേന്ദ്രീകരിക്കപ്പെട്ട കാലമായിരുന്നു അത്.

മതത്തെ മുന്‍നിര്‍ത്തിയുള്ള ഭൗതിക പഠനം മുസ്‌ലിംകളുടെ മാത്രം പ്രത്യേകതയായിരുന്നില്ല. സഹോദര സമുദായങ്ങളൊക്കെ ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നു പോയവരാണ്. വൈദിക മതത്തിലൂടെ മനസ്സിലാക്കിയെടുത്ത ഭൗതിക ജ്ഞാനമാണ് ഇന്ത്യയില്‍ ആയുര്‍വേദമടക്കമുള്ള വിജ്ഞാന ശാഖകള്‍ക്ക് വളരാന്‍ അവസരമൊരുക്കിയത്. സാമാന്യ ചിന്തക്ക് ഉള്‍ക്കൊള്ളാനാവാത്ത പലതുമുണ്ടായിട്ടും മതവും ശാസ്ത്രവും തമ്മില്‍ ഒരു സംഘട്ടനം ആ കാലത്തൊന്നും രൂപപ്പെട്ടിരുന്നില്ല. ഭൗതിക ജ്ഞാനം മതത്തെ നിഷ്പ്രഭമാക്കുകയില്ല എന്ന വിശ്വാസം കാരണമായി മതനേതാക്കള്‍ ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചതായിരുന്നു കാരണം. മതത്തെ ചോദ്യം ചെയ്യാത്ത വിജ്ഞാനമായിരുന്നതുകൊണ്ട് മതബോധമുള്ള ആളുകള്‍ ധര്‍മ്മനിഷ്ഠ പാലിച്ചുതന്നെ ഭൗതിക വിദ്യാഭ്യാസം നേടി. ശാസ്ത്രവുമായുള്ള സംഘട്ടനത്തെക്കുറിച്ച് അശേഷം ഭയമുണ്ടായിരുന്നില്ല എന്നതിനു പുറമെ ചിന്തയും യുക്തിയും വിശ്വാസത്തെ ദൃഢപ്പെടുത്തുകയേയുള്ളൂ എന്ന് ബോധവുമുണ്ടായിരുന്നതിനാല്‍ മുസ്‌ലിം മതനേതൃത്വം ഗവേഷണങ്ങളെയും ഭാഷാ സാഹിത്യ പഠനത്തെയും കാര്യക്ഷമമായിത്തന്നെ പ്രോത്സാഹിപ്പിച്ചിരുന്നു.

വിദ്യാഭ്യാസത്തിലെ വര്‍ഗീകരണം പതിമൂന്നാം നൂറ്റാണ്ടിനു ശേഷം വ്യവസായിക വിപ്ലവത്തിന്റെയും വിജ്ഞാന വിസ്‌ഫോടനത്തിന്റെയും അലയൊലികള്‍ മുഴങ്ങിയതോടെ ക്രിസ്ത്യന്‍ മത നേതൃത്വത്തിന് നിലനില്‍പ്പിനെക്കുറിച്ച് ആശങ്കകളുണ്ടായി. ശാസ്ത്രീയ ഗവേഷണം ഗൗരവമായി തുടര്‍ന്നാല്‍ അത് ക്രിസ്ത്യന്‍ വിശ്വാസത്തെയും പൗരോഹിത്യത്തെയും ബാധിക്കുമെന്നും പ്രപഞ്ചത്തെക്കുറിച്ചും ലോക ഘടനയെക്കുറിച്ചുമുള്ള മത കാഴ്ചപ്പാടുകള്‍ ചോദ്യം ചെയ്യപ്പെടുമെന്നും അവര്‍ ഭയന്നു. മതമേധാവിത്വത്തിനു നേരെ  വെല്ലുവിളിയുയര്‍ന്ന ഈ ഘട്ടത്തിലാണ് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ശാസ്ത്രത്തിനെതിരെ പരസ്യമായി രംഗത്തു വരുന്നത്. ഇത് പാശ്ചാത്യന്‍ ഗവേഷകരെ ചൊടിപ്പിച്ചു. മതകീയ പ്രതലത്തില്‍ നിന്ന് ഊര്‍ന്നിറങ്ങിയ അവര്‍ സ്വതന്ത്ര പ്രതലത്തില്‍ നിന്ന് ഭൗതിക വിദ്യ അഭ്യസിച്ചു തുടങ്ങി. ക്രിസ്ത്യന്‍ സഭകള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നതിനാല്‍ ഇവരും അതേ നാണയത്തില്‍ വെല്ലുവിളിക്കുകയും നൂറ്റാണ്ടുകളോളം ചോദ്യം ചെയ്യപ്പെടാതിരുന്ന ആശയങ്ങളെ പൊതു സമക്ഷം വലിച്ചിട്ട് ചര്‍ച്ച ചെയ്യുകയും ചെയ്തു. മതത്തിനും ശാസ്ത്രത്തിനുമിടയില്‍ സംഘര്‍ഷം കനത്തു.

ആധുനികതയും ക്രൈസ്തവ ജൂത മതങ്ങളും തമ്മിലുണ്ടായ ഈ സംവാദങ്ങളുടെ പാശ്ചത്തലത്തിലാണ് വിദ്യാഭ്യാസ രംഗം മതം, ഭൗതികം എന്ന രൂപത്തില്‍ ഇരുഭാഗങ്ങളിലായി ധ്രുവീകരിക്കപ്പെട്ടത്. യൂറോപ്പില്‍ ആരംഭിച്ച് ലോകമാകെ പടര്‍ന്നു പിടിച്ച നവോത്ഥാനത്തിന്റെയും മത നവീകരണത്തിന്റെയും ശാസ്ത്രീയ സാങ്കേതിക മുന്നേറ്റങ്ങളുടെയും അരിക് ചേര്‍ന്നാണ് ഈ ധ്രുവീകരണം സാധ്യമായത്. പതിനഞ്ചാം നൂറ്റാണ്ടോടെ കോളനിവത്കരണം വ്യാപകമാവുകയും തുടര്‍ന്ന് പടിഞ്ഞാറിലെ മതവിരുദ്ധ ശാസ്ത്രം അതേ രൂപത്തില്‍ കോളനികളില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. മതാധിഷ്ഠിതമായി ജീവിച്ചിരുന്ന ഇവിടത്തെ സമൂഹങ്ങളില്‍ ഭൂരിഭാഗവും ക്രമേണ ഈ വര്‍ഗീകരണത്തിന് വിധേയരാവുകയും തങ്ങളുടെ വൈജ്ഞാനിക പാരമ്പര്യത്തെ തിരസ്‌കരിക്കുകയോ പുനരവതരിപ്പിക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

വിദ്യാഭ്യാസത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും മഹത്തായ പാരമ്പര്യവുമുള്ള മുസ്‌ലിം സമൂഹത്തെയാണ് ഈ വര്‍ഗീകരണം സാരമായി ബാധിച്ചത്. ഇസ്‌ലാം പ്രോത്സാഹിപ്പിച്ചിരുന്ന മതകീയ പരിസരത്തിലെ ബൗദ്ധിക പ്രതലത്തില്‍ നിന്നുയിര്‍ക്കൊണ്ട ഭൗതിക വിദ്യാഭ്യാസവും പാശ്ചാത്യന്‍ തരംതിരിച്ചു തന്ന ഭൗതിക വിദ്യാഭ്യാസവും രണ്ടു തലത്തിലുള്ളതായിരുന്നു. പ്രയോഗസ്ഥാനവും ഉപരിപ്ലവമായ രൂപവും ഒന്നു തന്നെയാണെങ്കിലും രണ്ടിന്റെയും പ്രായോഗിക രീതിയും ലക്ഷ്യങ്ങളും തമ്മിലുള്ളത് അജഗജാന്തരമാണ്. ഭൗതിക വിദ്യാഭ്യാസം നേടുന്നതിലൂടെ ദൈവത്തെ അറിയുകയും ജീവിതത്തില്‍ ധര്‍മ്മവും നിഷ്ഠയും നില നിര്‍ത്തുകയുമാണ് ഒന്നാമത്തേതിന്റെ ലക്ഷ്യം. രണ്ടാമത്തേത് ഭൗതിക താത്പര്യത്തിലധിഷ്ഠിതമാണ്. കേവലം ജോലിയും പണവുമാണതിന്റെ ലക്ഷ്യം. ഒന്നു പാരത്രിക ജീവിതത്തിനും മറ്റൊന്ന് ഭൗതിക ജീവിതത്തിനുമാണെന്ന് ചുരുക്കം.

ഭൗതികത, യുക്തിവാദം, മാനവികതാ വാദം, പരിജ്ഞാന വാദം തുടങ്ങിയ സ്വതന്ത്ര ഭൗതികാടിത്തറയില്‍ നിന്ന് വികസിക്കുന്ന ആധുനിക വൈജ്ഞാനിക സങ്കല്‍പങ്ങള്‍ക്കും ദൈവപ്രോക്തവും വിശുദ്ധവുമായ ഒരു ഉറവയില്‍ നിന്ന് ഉയിരെടുക്കുന്ന ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കുമിടയില്‍ നൂറ്റാണ്ടുകളായി സംഘട്ടന- സംവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി കാരണങ്ങളുണ്ടതിന്. നേരത്തെ സൂചിപ്പിച്ച പോലെ ലക്ഷ്യങ്ങളിലുള്ള വ്യത്യാസമാണ് ഒന്നാമത്തേത്. ജോലിയും പണവും മാത്രം ലക്ഷീകരിക്കുന്ന പാശ്ചാത്യന്‍ വിദ്യാഭ്യാസ ക്രമം അറിവിനെ പല തുണ്ടുകളായി വെട്ടിമുറിച്ച് ഓരോരുത്തര്‍ക്കും കൂടുതല്‍ പണമുണ്ടാക്കാവുന്ന മേഖല അവര്‍ക്ക് കൈമാറി. കണ്ണിനെക്കുറിച്ചു പഠിക്കുന്നവന്‍ കണ്ണിനെക്കുറിച്ചും കാതിനെക്കുറിച്ചു പഠിക്കുന്നവന്‍ അതിനെക്കുറിച്ചും മാത്രം പഠിച്ചു. രണ്ടിനെക്കുറിച്ചുമറിയുന്നവന്‍ തരം താഴ്തപ്പെട്ടു. അറിവ് അറിവിന് എന്നതായിരുന്നു ഇസ്‌ലാമിക കാഴ്ചപ്പാടെങ്കില്‍ പാശ്ചാത്യന്‍ വിദ്യാഭ്യാസത്തില്‍ അത് കേവലം ഭൗതിക സുഖാസ്വാദനത്തിന് മാത്രമായി. ജീവിതം അറുപത് വര്‍ഷത്തിനുള്ളില്‍ ഒതുക്കുന്നവര്‍ക്ക് അതേ മാര്‍ഗമുണ്ടായിരുന്നുള്ളു താനും. സര്‍ട്ടിഫിക്കറ്റുകള്‍ക്കും അംഗീകാര പത്രങ്ങള്‍ക്കും അമിതപ്രാധാന്യം നല്‍കുന്നതാണ് ആധുനിക ഭൗതിക വിദ്യാഭ്യാസമെങ്കില്‍ അംഗീകാരങ്ങളേതും കാംക്ഷിക്കാതെ അറിവിന്റെ അനന്തസാഗരമായി സ്വയം രൂപപ്പെടുന്ന ഗസാലിയന്‍ ശൈലിയാണ് ഇസ്‌ലാമിന്റേത്.

ചുരുക്കത്തില്‍, പതിനഞ്ചാം നൂറ്റാണ്ടോടെ മത വിജ്ഞാനം, മതകീയ ബൗദ്ധിക പ്രതലത്തില്‍ നിന്നുള്ള ഭൗതിക ജ്ഞാനം, മത വിരുദ്ധ ബൗദ്ധിക പ്രതലത്തില്‍ നിന്നുള്ള പാശ്ചാത്യന്‍ ഭൗതിക ജ്ഞാനം എന്നിങ്ങനെ വിദ്യാഭ്യാസ മേഖല മൂന്നായി തരം തിരിഞ്ഞു. ക്രൈസ്തവ സഭകള്‍ ഭൗതിക ജ്ഞാനവുമായി നിരുപാധിക സംഘട്ടനത്തിലേര്‍പ്പെട്ടപ്പോള്‍ ഇസ്‌ലാമിന് എതിരിടേണ്ടി വന്നത് പാശ്ചാത്യന്‍ ഭൗതിക വിദ്യാഭ്യാസ ക്രമത്തെയായിരുന്നു. ഇതിന് നിരവധി കാരണങ്ങളുണ്ടായിരുന്നു. കാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന വിദ്യാഭ്യാസ ചിന്തകളില്‍ നിന്ന് ഏറെ വിഭിന്നമായി നില്‍ക്കുന്നതാണ് ആധുനിക ഭൗതിക ജ്ഞാനമെന്നതു തന്നെ പ്രധാന കാരണം. പാശ്ചാത്യനെ പിന്തുടരാന്‍ അസ്ഥിത്വ ബോധം മുസ്‌ലിംകളെ അനുവദിച്ചില്ല. മീഡിയത്തിലുണ്ടായ മാറ്റവും ഒരു പ്രധാന കാരണമാണ്. വിദ്യാഭ്യാസം ഇസ്‌ലാമിക ലോകത്ത് കേന്ദ്രീകരിച്ചിരുന്ന കാലത്ത് അറിവിന്റെ വ്യാപനത്തിനുപയോഗിച്ചിരുന്നത് കൂടുതലും അറബി, പേര്‍ഷ്യന്‍ ഭാഷകളായിരുന്നു. എന്നാല്‍ പടിഞ്ഞാറിലേക്ക് മാറിയതോടെ മീഡിയം   ഇംഗ്ലീഷും ലാറ്റിനുമടങ്ങുന്ന പാശ്ചാത്യന്‍ ഭാഷകളായി. പെട്ടെന്നുണ്ടായ ഈ മാറ്റം മുസ്‌ലിം സമുദായത്തെ തെല്ലൊന്നുമല്ല പ്രയാസപ്പെടുത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ഔദ്യോഗിക ഭാഷ പേര്‍ഷ്യനില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിവര്‍ത്തനപ്പെടുത്തിയപ്പോള്‍ വിദ്യാസമ്പന്നരായ നിരവധി മുസ്‌ലിംകള്‍ നേരിട്ട പ്രതിസന്ധി സമാനമായ അനുഭവമാണ്. ഇതിനും പുറമെ അധിനിവിഷ്ട കോളനികളില്‍ പാശ്ചാത്യര്‍ മുസ്‌ലിംകളോട് സ്വീകരിച്ചിരുന്ന കിരാതമായ സമീപനം മുസ്‌ലിംകളെ പാശ്ചാത്യന്‍ വിദ്യാഭ്യാസത്തിനോട് വിരോധം പുലത്താന്‍ പ്രേരിപ്പിച്ചു. അധിനിവേശ ശക്തികളുടെ ഭാഷയും സംസ്‌കാരവും ആചാരമുറകളും തിരസ്‌കരിക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്യേണ്ടത് അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ അവിഭാജ്യഘടകമായി അവര്‍ കരുതി. കേരളത്തിലടക്കമുള്ള ഉലമാക്കള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ എതിര്‍ത്ത് രംഗത്ത് വന്നത് ഈയൊരു പശ്ചാത്തലിത്തിലായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.

പാശ്ചാത്യന്‍ വിദ്യാഭ്യാസ രീതിയോട് സമരത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ തന്നെ മതകീയ പ്രതലത്തില്‍ നിന്നുള്ള ഭൗതിക പഠനം സമാന്തരമായൊരു സ്തംഭനത്തെ അഭിമുഖീകരിക്കുന്നുണ്ടായിരുന്നു. പാശ്ചാത്യന്‍ വിദ്യാഭ്യാസത്തിന് ഭൗതിക വിദ്യാഭ്യാസമെന്ന വിളിപ്പേര് വീഴുകയും നാളിതുവരെ മുസ്‌ലിംകള്‍ കൈകാര്യം ചെയ്തിരുന്ന മതേതര വിദ്യാഭ്യാസ മേഖലയിലേക്കത് ഇരച്ചുകയറുകയും ചെയ്തതോടെ തിരസ്‌കാരം അവിടേക്കും വ്യാപിച്ചു. മത വിദ്യാര്‍ത്ഥികള്‍ മതപ്രമാണങ്ങള്‍ പഠിക്കുന്നതിലേക്ക് ഒതുങ്ങിക്കൂടുകയും ഭൗതിക വിദ്യാഭ്യാസം പൂര്‍ണ്ണമായും പടിഞ്ഞാറിന് വിട്ട് നില്‍കുകയും ചെയ്തു. ഈ വിട്ടുകൊടുക്കല്‍ മനപൂര്‍വമായിരുന്നുവെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. പാശ്ചാത്യന്‍ അവതരിപ്പിച്ച ഭൗതിക വിദ്യാഭ്യാസ ക്രമത്തോടുള്ള സംഘട്ടനത്തിനിടയില്‍ മതപ്രോക്തമായ ഭൗതിക വിദ്യാഭ്യാസത്തിന് സമാന്തര സ്തംഭനം സംഭവിക്കുകയായിരുന്നു.

നമ്മുടെ പള്ളിദര്‍സുകളിലെ സിലബസ് പരിശോധിച്ചാല്‍ ഈ കാര്യം പെട്ടെന്ന് മനസ്സിലാക്കാനാവും. തഫ്‌സീറും ഹദീസും ഫിഖ്ഹും അഖീദയുമൊക്കെ പതിനഞ്ചാം നൂറ്റാണ്ട് വരെ വിജ്ഞാപ്രസരണത്തിന്റെ മാധ്യമമായി ഉപയോഗിക്കപ്പെടുന്ന അറബി ഭാഷ വളരെ കണിശമായി അവിടെ പഠിപ്പിക്കപ്പെടുന്നു. ചിലയിടങ്ങളില്‍ പേര്‍ഷ്യന്‍ പഠിപ്പിക്കപ്പെട്ടിരുന്നതിന്റെ ശേഷിപ്പുകള്‍ കണ്ടെത്താനാകുന്നു. അതിനും പുറമെ ഗോളശാസ്ത്രം, കണക്ക്, ജീവശാസ്ത്രം തുടങ്ങിയ ഭൗതിക വിശയങ്ങളിലുള്ള നിരവധി ഗ്രന്ഥങ്ങളും ദര്‍സുകളിലുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് വിരചിതമായതോ അന്നു നിലവിലുണ്ടായിരുന്ന ശാസ്ത്രീയ ധാരണകളെ അതേപടി പകര്‍ത്തിവെച്ചതോ ആണ് ഇവയൊക്കെയും. നാമാവശേഷമായിപ്പോയ മതപ്രേരിത ഭൗതിക വിദ്യാഭ്യാസത്തിന്റെ തിരുശേഷിപ്പുകളാണിവ എന്ന് ചുരുക്കം. കൃത്യമായ അപ്‌ഡേഷന്‍ നടക്കാതെപോയതിനാല്‍ ഇന്നും സ്തംഭനാവസ്ഥക്കു മുമ്പുള്ള ഗ്രന്ഥങ്ങളും വിജ്ഞാനങ്ങളും അവിടെ പഠിപ്പിക്കപ്പെടുന്നുവെന്ന് മാത്രം.

വീണ്ടെടുപ്പിനുള്ള ശ്രമങ്ങള്‍ മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് ഇടക്കാലത്ത് സംഭവിച്ച സ്തംഭനത്തിന് പരിഹാരം തേടി നിരവധി അന്വേഷണങ്ങള്‍ നടക്കുകയും തല്‍ഫലമായി പലനൂതന സംരംഭങ്ങളും ഉടലെടുക്കുകയും ചെയ്തു. പാരമ്പര്യം മുറുകെ പിടിക്കുന്നവയും പാശ്ചാത്യ അനുഭാവം പ്രകടിപ്പിക്കുന്നവയും ബിദഇ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം പരാജയപ്പെട്ടതിന് ശേഷം ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക പുരോഗതി ലക്ഷീകരിച്ച് തുടക്കമിട്ട സംഘടനകളും സ്ഥാപനങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. 1867ല്‍ സ്ഥാപിതമായ ദയൂബന്ദിലെ ദാറുല്‍ ഉലൂം ഉദാഹരണം. ബ്രിട്ടീഷ്‌കാരുടെ ശൈലിയും സംവിധാനങ്ങളും ഉപയോഗിച്ച് മതപഠനം നടത്തിക്കൊണ്ടുപോവാനുള്ള ശ്രമമായിരുന്നു അത്. സര്‍സയ്യിദിന്റെ മുഹമ്മദന്‍ ആഗ്ലോ ഇന്ത്യന്‍ ഓറിയന്റല്‍ കോളേജ് പാശ്ചാത്യന്‍ അനുഭാവമുള്ള മുസ്‌ലിം ഭൗതിക സ്ഥാപനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്ഥാപിതമായ ലക്‌നോവിലെ നദ്‌വത്തുല്‍ ഉലമായില്‍ മത വിദ്യാഭ്യാസത്തോടൊപ്പം ഇഗ്ലീഷ് ഭാഷാപഠനവും നല്‍കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ പാരമ്പര്യ രീതിയിലുള്ള മതവിദ്യാഭ്യാസ പ്രസരണത്തിന് നിലമൊരുക്കുന്നതായിരുന്നു വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത്. രാജ്യത്ത് പലയിടത്തും ഇത്തരം ശ്രമങ്ങള്‍ നടന്നുവെങ്കിലും മതഭൗതിക വിദ്യാഭ്യാസങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരുന്ന വിടവ് നികത്തുവാന്‍ അവയൊന്നും പര്യപ്തമായിരുന്നില്ല. തല്‍ഫലമായി മുസ്‌ലിം സമുദായം ഭൗതിക വിദ്യാഭ്യാസത്തില്‍ ഏറെ പിറകിലാവുകയും മതവും ഭൗതികവും സമാന്തര രേഖകളായി തുടരുകയും ചെയ്തു.

കേരളീയ മുസ്‌ലിം വിദ്യാഭ്യാസ പ്രക്രിയയുടെ കേന്ദ്രസ്ഥാനമായി വര്‍ത്തിച്ചിരുന്നത് പള്ളി ദര്‍സുകളാണ്. നേരത്തെ സൂചിപ്പിച്ചപോലെ പാരമ്പര്യ മതഗ്രന്ഥങ്ങളും മതപ്രേരിത ഭൗതിക വിദ്യാഭ്യാസം ജ്വലിച്ചുനിന്നിരുന്ന കാലത്തെ ഭൗതിക ഗ്രന്ഥങ്ങളുമായിരുന്നു അവിടെ പഠിപ്പിക്കിപ്പെട്ടിരുന്നത്. സ്‌കൂളുകളില്‍ ആധുനികരീതിയിലുള്ള വിദ്യാഭ്യാസം നിലനിന്നിരുന്നുവെങ്കിലും ചരിത്രപരവും ആശയപരവുമായ കാരണങ്ങളാല്‍ അതിനോട് പുറം തിരിഞ്ഞ് നില്‍കാന്‍ ബഹുഭൂരിപക്ഷം മുസ്‌ലിംകളും നിര്‍ബന്ധിതരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ സ്ഥാപിതമായ വാഴക്കാട് ദാറുല്‍ ഉലൂമിലൂടെയാണ് ഇതിന് ആദ്യമായൊരു തിരുത്ത് വരുന്നത്. സ്‌കൂളുകളില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പാക്കിയിരുന്ന നൂതന സംവിധാനങ്ങള്‍ സ്വാംശീകരിച്ച് മതം പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. മതപണ്ഡിതര്‍ ഭൗതിക വിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് ഭൂഷണമല്ല എന്ന ചിന്ത ആദ്യമായി പ്രായോഗിക രൂപം പ്രാപിക്കുന്നത് താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമിലൂടെയാണ്. പകല്‍മുഴുവന്‍ മതവിദ്യാഭ്യാസവും രാത്രികാലങ്ങളില്‍ ഇംഗ്ലീഷടക്കമുള്ള ഭൗതികജ്ഞാനവും നല്‍കാനുള്ള ശ്രമമായിരുന്നു അവിടത്തേത്. എന്നാല്‍ ഒന്നര ദശാബ്ദത്തിന് ശേഷം സ്ഥാപനം പ്രതിസന്ധിയിലായതോടെ ആ ശ്രമവും വിഫലമായി. ഈ തലത്തില്‍ അടുത്ത ശ്രമം നടക്കുന്നത് 1940കളില്‍ സ്ഥാപിതമായ കാസര്‍കോട്ടെ ആലിയ കോളേജിലും ശാന്തപുരം ഇസ്‌ലാമിയ കോളേജിലും അവയുടെ സിലബസ് അനുസരിച്ച് സ്ഥാപിതമായ മറ്റു സ്ഥാപനങ്ങളിലുമാണ്. മുസ്‌ലിം പൊതുധാരയുമായി ഏറെ അകലം പാലിക്കുന്ന ന്യൂനപക്ഷത്തിന്റെ സ്ഥാപനമാകയാല്‍ ചെറിയൊരു വിഭാഗത്തിനുള്ളിലൊതുങ്ങുന്നതായിരുന്നു ഇവയുടെ പ്രവര്‍ത്തന മണ്ഡലം. അവര്‍ തന്നെ കഴിവും പ്രാപ്തിയുമുള്ള വിദ്യാര്‍ത്ഥികളെ ഭൗതിക വിദ്യാഭ്യാസ മേഖലയിലേക്ക് തിരിച്ചുവിട്ടിരുന്നതിനാല്‍ താഴേക്കിടയിലുള്ളവരേ സ്ഥാപനത്തില്‍ എത്തിപ്പെട്ടിരുന്നുള്ളൂ. കിടയറ്റ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിരുന്ന സിലബസ് ഇത്തരം പഠിതാക്കള്‍ക്കുള്‍ക്കൊള്ളാന്‍ കഴിയാതെ വരികയും ആ സംരംഭവും പരാജയത്തില്‍ കലാശിക്കുകയും ചെയ്തു.

ഇതേ സമയം, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള സമുദായ നേതാക്കളുടെ ശ്രമഫലമായി പ്രാഥമിക മതവിദ്യാഭ്യാസ സ്ഥാപനങ്ങളായ ഓത്തുപള്ളികള്‍ പരിഷ്‌കരണത്തിന് വിധേയമാവുകയും മദ്‌റസകള്‍ സജീവമാവുകയും ചെയ്യുന്നുണ്ടായിരുന്നു. സ്‌കൂളുകളില്‍ മതവിദ്യാഭ്യാസം നിരോധിക്കുന്ന മദ്രാസ് ഗവണ്മെന്റിന്റെ ഉത്തരവ് നിലവില്‍ വന്നതോടെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയടക്കമുള്ള മുസ്‌ലിം സംഘടനകള്‍ മദ്‌റസാ സംസ്ഥാപനത്തില്‍ സജീവമായി രംഗത്തിറങ്ങുകയും കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ തന്നെ വ്യാപകമായ തോതില്‍ നാടുനീളെ മദ്‌റസകള്‍ ഉയര്‍ന്നുവരികയും ചെയ്തു. സ്‌കൂള്‍ സമയത്തിന് സമാന്തരമായി നടന്നിരുന്ന ഓത്തുപള്ളികള്‍ക്കു പകരം മദ്‌റസകള്‍ സ്ഥാപിതമായതോടെ സമന്വയവിദ്യാഭ്യാസത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യവും നടപ്പിലായി.

അടിത്തട്ടില്‍ രൂപപ്പെട്ട ഈ നവജാഗരണം മേലേ തട്ടിലേക്ക് കൂടി വ്യാപിക്കാന്‍ തുടങ്ങി. ഗള്‍ഫ് കുടിയേറ്റം മൂലമുണ്ടായ സാമ്പത്തിക മുന്നേറ്റവും ശാസ്ത്ര- സാങ്കേതിക വിദ്യയിലെ പുരോഗതി സൃഷ്ടിച്ച സവിശേഷ സാമൂഹിക ചുറ്റുപാടും ഭൗതിക വിദ്യാഭ്യാസത്തിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കുന്ന കാലം ദര്‍സിലൂടെയുള്ള മതവിദ്യാഭ്യാസവും സ്‌കൂളിലൂടെയുള്ള ഭൗതിക വിദ്യാഭ്യാസവും സമരസപ്പെട്ടു പോകാവുന്ന പുതിയ സമവാക്യത്തെക്കുറിച്ചുള്ള ചിന്തകളാണ് മോഡല്‍ ദര്‍സുകള്‍ എന്ന ആശയത്തിലേക്ക് സമുദായ നേതൃത്വത്തെ നയിച്ചത്. സ്തംഭിച്ചു കിടന്ന മതപ്രേരിത ഭൗതിക വിദ്യാഭ്യാസത്തിന്റെ കാലാനുസൃതമായ അപ്‌ഡേറ്റിങ്ങായിരുന്നു ഇത്. എന്നാല്‍, സാമൂഹിക ചുറ്റുപാട് ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. ദര്‍സുകളുടെ പഴമ നിലനിര്‍ത്തണമെന്ന ശക്തമായൊരു വാദം കൂടി രംഗത്തുണ്ടായിരുന്നതോടെ മറ്റൊരു വഴി കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നു.

ഇതിന്‍റെ ഫലമായിരുന്നു മത-ഭൌതിക വിദ്യാഭ്യാസമെന്ന ആശയം കൂടുതല്‍ പ്രായോഗികമായി പരീക്ഷിക്കപ്പെട്ടത്. ദാറുല്‍ ഹുദയായിരുന്നു അത് വിജയകരമായി നടപ്പാക്കിയ ആദ്യ സ്ഥാപനം.  മതവിദ്യാഭ്യാസം പാരമ്പര്യത്തനിമയോടെ പ്രസരണം ചെയ്യുന്നതോടൊപ്പം ഇസ്‌ലാമിക നിലപാടുകളുടെ വെളിച്ചത്തില്‍ ആധുനിക വിദ്യാഭ്യാസത്തെ സ്വാംശീകരിച്ച് ആവാഹിക്കുക എന്നതാണ് ആ പാഠ്യപദ്ധതിയുടെ പൊതുസ്വഭാവം.

ഇത് വിജയകരമായ രീതിയാണെന്ന് തിരിച്ചറിഞ്ഞ കേരളീയ സമൂഹം അധികം താമസിയാതെ ഇതിലേക്ക് ചുവടുമാറുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. ഇന്നും കേരളീയ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് ഈ രീതി തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter